Saturday, March 11, 2017

ഒരു കാലത്ത് നമുക്കൊക്കെ എന്തൊരു സ്നേഹമായിരുന്നു മമ്മുട്ടിയോടും മോഹൻലാലിനോടും.. 
മമ്മുക്കയെന്നും ലാലേട്ടനെന്നും മുഴുവൻ വിളിക്കും മുൻപ് അലിയുന്ന സ്നേഹം.. 
സോഷ്യൽ മീഡിയ കാലത്ത് അഴിഞ്ഞുവീണ പൊയ്മുഖങ്ങളിൽ അവരും ഉണ്ടായിരുന്നു.. 
അങ്ങനെയാണ് അവർ നമ്മുടെ ആരുമല്ലാതായതും ഇന്ന് പ്രഖ്യാപിച്ച സിനിമ അവാർഡുകളിൽ ബഹുഭൂരിഭാഗം മലയാളികളും സന്തോഷിക്കുന്നതും..



Saturday, January 24, 2015

താൻ വിശ്വസിക്കുന്ന  പാർട്ടി എന്ത് തിന്മ ചെയ്താലും അതിൽ വിശ്വസിച്ചുപോയതിനാൽ അതിനെ വോട്ട് ചെയ്യു എന്ന് നിര്ബന്തംപിടിക്കുന്ന അന്തവിശ്വസികൾ ഒരു രാജ്യത്തിനും പ്രയോജനം ചെയ്യുന്നവരല്ല. രാജ്യനന്മയെ ഒന്നാമതായി കാണാനും പാർട്ടികളെ രണ്ടാമതായി കാണാനുള്ള രാഷിട്രിയസാക്ഷരത മലയാളികള്ക്ക് ഇതുവരെയും ആർജിക്കാൻ കഴിഞ്ഞിട്ടില്ല 

Tuesday, November 18, 2014

കാലം കടന്നു പോകുന്നു
പലായനം ചെയ്യുന്ന മേഘങ്ങളെപ്പോലെ ദിവസങ്ങളും......!!!



Friday, June 21, 2013

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം അടച്ചിട്ട കാലം


ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ യഥാര്‍ഥ അവകാശി ആര്? എട്ടര യോഗത്തിനോ, രാജാവിനോ? അതല്ല സര്‍ക്കാരിനോ? ജനവരി 31ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിയെത്തുടര്‍ന്ന് പ്രസ്താവനകളുടെയും അവകാശവാദങ്ങളുടെയും ഘോഷയാത്ര നടന്നിരുന്നുവല്ലോ. അതിനിടയില്‍ പദ്മനാഭസ്വാമി ക്ഷേത്രം 'എട്ടര യോഗ'ത്തിന്റെ വകയാണെന്ന് വൈദിക സുരക്ഷാസമിതി പ്രസ്താവന പുറപ്പെടുവിച്ചു. അവരുടെ വാദത്തില്‍ എട്ട് പോറ്റിമാരും രാജാവും ചേര്‍ന്ന സഭയാണ് പണ്ട് ക്ഷേത്രം ഭരിച്ചിരുന്നത്. രാജാവിന് 'അര' അല്ലെങ്കില്‍ 'പകുതി' സ്ഥാനമേ ഉണ്ടായിരുന്നുള്ളുവെന്നും അവര്‍ വാദിക്കുന്നു. ഇതിന് ബദലായി വൈഷ്ണവ സഭയുടെ ഒരുഭാഗം രംഗത്തു വന്നു. ക്ഷേത്രത്തിന്റെ അവകാശം രാജകുടുംബത്തിനാണെന്നും 'അര' എന്ന വാക്ക് രാജാധികാരത്തിന്റെ തമിഴ് പദമായ 'അരശ്ശി' യെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ വിവരിച്ചു. ശ്രീപദ്മനാഭക്ഷേത്രവും വില്വമംഗലം സ്വാമിയുമായുള്ള ബന്ധംകൊണ്ടാണ് പുഷ്പാഞ്ജലി സ്വാമിയാരന്മാരെ അവരോധിച്ചതെന്നും അല്ലാതെ അദ്ദേഹത്തിന് പ്രത്യേക അവകാശമില്ലെന്നും വൈഷ്ണവ സഭയുടെ പ്രസ്താവനയില്‍ പറയുന്നു.

ഏതായാലും തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഇന്നും ഉത്തരം കിട്ടാതെ വിവാദമായി നില്‍ക്കുന്ന എട്ടര യോഗം, അര എന്ന വാക്കിന്റെ അര്‍ഥം തുടങ്ങിവയ്ക്ക് വീണ്ടും ജീവന്‍ വെച്ചിരിക്കുന്നു. വാദങ്ങള്‍ എന്തായാലും ഒരു കാര്യം ഉറപ്പാണ്. ക്ഷേത്രം നടത്തിപ്പുകാരായ എട്ടര യോഗവും ക്ഷേത്രവസ്തുക്കള്‍ പരിപാലിച്ചിരുന്ന എട്ടുവീട്ടില്‍ പിള്ളമാരും (എട്ടുവീട്ടില്‍ പിള്ളമാരുടെ കാര്യത്തിലും ചരിത്രകാരന്മാര്‍ക്ക് തര്‍ക്കം ഉണ്ട്) ഒരു വശത്തും വേണാട് രാജാവ് മറുഭാഗത്തുമായി പണ്ടും അവകാശത്തര്‍ക്കം നടന്നിരുന്നു. അത് ആഭ്യന്തര യുദ്ധമായി മാറുകയും ചെയ്തതിന് ചരിത്രം സാക്ഷിയാണ്.

ഇതിന്റെ ഫലമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജകള്‍ മുടങ്ങുക മാത്രമല്ല, ക്ഷേത്രം അടച്ചിടുകവരെ ചെയ്തിട്ടുണ്ട്. 1672-1677 വരെ വേണാട് ഭരിച്ചിരുന്ന ആദിത്യവര്‍മ്മയുടെ കാലത്താണ് ഇത് സംഭവിച്ചത്.

1729-ല്‍ തിരുവിതാംകൂറിന്റെ സ്രഷ്ടാവായ അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വേണാട് രാജാവായതോടെയാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്. ഇരുമ്പുമുഷ്ടിയും ഉരുക്ക് ഹൃദയവും ഉണ്ടായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ ശത്രുക്കളെ നിഗ്രഹിച്ച് പുതിയ ഭരണസമ്പ്രദായത്തിന് തുടക്കം കുറിച്ചു. അദ്ദേഹത്തിന്റെ കാലത്തോടെയാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആധുനീകരണം ആരംഭിച്ചതും.
തൈക്കാട് കേശവ (കേചവന്‍) നെക്കൊണ്ട് കോട്ടകെട്ടിയും കാക്കച്ചിമല (തമിഴ്‌നാട്) യില്‍ നിന്ന് വലിയ തേക്കുമരം വെട്ടിക്കൊണ്ടുവന്ന് കൊടിമരം തീര്‍ത്തും തിരുമല കുന്നില്‍നിന്നും ഒറ്റശില വെട്ടിക്കൊണ്ടുവന്ന് ഒറ്റക്കല്‍ മണ്ഡപം നിര്‍മിച്ചും മാര്‍ത്താണ്ഡവര്‍മ്മ ക്ഷേത്രം പുനരുദ്ധരിച്ചു.

നേപ്പാളിലെ ഗണ്ഡകീ നദിതീരത്തുനിന്ന് കൊണ്ടുവന്ന പതിനായിരം സാളഗ്രാമങ്ങള്‍ ഉപയോഗിച്ച് 'കടുശര്‍ക്കര യോഗ'ത്തില്‍ ശ്രീപദ്മനാഭന്റെ വിഗ്രഹം തീര്‍ത്തു. ഗോപുരത്തിന്റെ പണിക്ക് 6000 കൂലിക്കാരും 100 ആനകളും 4000 കല്‍പ്പണിക്കാരും ഉണ്ടായിരുന്നു. 1750 ജനവരി 18 (?)ന് മാര്‍ത്താണ്ഡവര്‍മ്മ തന്റെ ഉള്‍വാള്‍ ശ്രീപദ്മനാഭ വിഗ്രഹത്തിന് മുമ്പില്‍ സമര്‍പ്പിച്ചശേഷം തിരുവിതാംകൂര്‍ രാജ്യം ശ്രീപദ്മനാഭന്റേതാണെന്നും താനും അനന്തരാവകാശികളായ രാജാക്കന്മാരും 'ശ്രീപദ്മനാഭദാസന്മാര്‍' എന്ന് അറിയപ്പെടുമെന്നും പദ്മനാഭന്റെ ട്രസ്റ്റി എന്ന നിലയിലാണ് രാജ്യം ഭരിക്കുന്നതെന്നും പ്രഖ്യാപിച്ചു. ഈ നടപടിയെയാണ് 'തൃപ്പടിദാനം' എന്ന് പറയുന്നത്. ഇതോടെ ശ്രീപദ്മാഭസ്വാമിക്ഷേത്രം തിരുവിതാംകൂറിന്റെ ഭരണസിരാകേന്ദ്രവും ഭരണഘടനയും എല്ലാമായി മാറി. ശ്രീപദ്മനാഭനെ മുന്‍നിര്‍ത്തി ശ്രീപദ്മനാഭദാസന്മാരായിട്ടാണ് അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മവരെ രാജ്യം ഭരിച്ചത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1949-ല്‍ തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരു-കൊച്ചി ആയതോടെ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മമഹാരാജാവ് 'രാജപ്രമുഖന്‍' ആയി. പിന്നീട് കേരള സംസ്ഥാനം വന്നതോടെ അധികാരം നഷ്ടപ്പെട്ട് അദ്ദേഹം സാധാരണ പൗരനായി മാറി. എങ്കിലും കാലത്തിന്റെ നിയോഗം ഏറ്റുവാങ്ങി രാജ്യവും അധികാരവും ഒന്നും ഇല്ലെങ്കിലും മരണംവരെ അദ്ദേഹം ശ്രീപദ്മനാഭദാസനായി ജീവിച്ചു. മഹാരാജാക്കന്മാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക ആനുകൂല്യമായ പ്രിവിപേഴ്‌സ് എടുത്തുകളഞ്ഞിട്ടും ഒരു പരിഭവമോ പരാതിയോ അദ്ദേഹം കാട്ടിയില്ല.

ആ വാര്‍ത്ത അറിഞ്ഞ ഉടന്‍ കൊട്ടാരത്തിന് മുകളില്‍ ഉയര്‍ത്തിയിരുന്ന കൊടി എടുത്തുമാറ്റാന്‍ അദ്ദേഹം നിര്‍ദേശിച്ചു. 1991 ജൂലായ് 19 രാത്രി 78-ാം വയസ്സില്‍ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. അതിനുശേഷം അദ്ദേഹത്തിന്റെ അനുജനും ബ്രിട്ടീഷ് സര്‍ക്കാര്‍ 'ഇളയ രാജാ'വായി അംഗീകരിച്ചിരുന്ന ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മതാചാരപ്രകാരമുള്ള ചടങ്ങുകളോടെ ശ്രീപദ്മനാഭദാസനായി ക്ഷേത്രത്തിന്റെ ചുമതലകള്‍ ഏറ്റെടുത്തു.

ഇന്ത്യയിലെ വൈഷ്ണവക്ഷേത്രങ്ങളില്‍ പ്രധാനവും പതിനെട്ട് പുരാണങ്ങളില്‍ ആറ് (6) എണ്ണത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതും സംഘകാല കൃതികളില്‍ മാത്രമല്ല നൂറ്റുണ്ടുകള്‍ക്കുമുമ്പുള്ള സാഹിത്യകൃതികളിലും സന്ദേശകാവ്യങ്ങളിലും നിറഞ്ഞുനില്‍ക്കുന്നതുമായ ശ്രീപദ്മനാഭസ്വാമിക്ഷേത്രം തിരുവനന്തപുരത്തിന്റെ തിലകക്കുറിയാണ്. ഇവിടുത്തെ ആറാട്ടിന് കുതിരപ്പുറത്ത് കൊണ്ടുപോകാറുള്ള കര്‍ണാടിക് നവാബിന്റെ പച്ചക്കൊടിയും കടപ്പുറത്ത് ആറാട്ട് നടക്കുമ്പോള്‍ രാജാവിന് സംരക്ഷണം നല്‍കുന്ന മത്സ്യത്തൊഴിലാളികളുമെല്ലാം മതസൗഹാര്‍ദത്തിന്റെ മേന്മ വിളംബരംചെയ്യുന്നു. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയും ആറുവര്‍ഷം കൂടുമ്പോള്‍ നടക്കാറുള്ള മുറജപവും ലക്ഷദീപവും നവരാത്രി ഘോഷയാത്രയും അനന്തപുരിയുടെ പ്രധാന ആഘോഷങ്ങളാണ്. ഈ ക്ഷേത്രത്തിന്റെ നടത്തിപ്പിന് ഭംഗംവരാത്ത നടപടികള്‍ ആണ് എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്. അതിനുള്ള സജ്ജീകരണങ്ങളാണ് സര്‍ക്കാരും രാജകുടുംബവും കൂടി ചേര്‍ന്ന് ആലോചിച്ച് നടപ്പിലാക്കേണ്ടത്.

അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാളിനുശേഷം ഭരണഘടന അനുസരിച്ച് 'രാജാവ്' ഇല്ലെന്നും അതിനാല്‍ നിയമാനുസൃതമായ ട്രസ്റ്റോ സമിതിയോ രൂപവത്കരിച്ച് ക്ഷേത്രഭരണം കൈമാറണമെന്നുമാണ് കോടതിവിധി. ഇതില്‍ സുപ്രീംകോടതിയുടെ നിലപാട് എന്താണെന്ന് പിന്നീടേ അറിയു. ശ്രീപദ്മനാഭസ്വാമിക്ഷേത്രവും അതിന്റെ സ്വത്തുക്കളും സംരക്ഷിക്കണമെന്നും അവിടെ ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നും ക്ഷേത്രം പുരോഗതി കൈവരിക്കണമെന്നുമുള്ളതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാകില്ല.

Wednesday, January 23, 2013


മോഷണത്തിന് മൂന്നുമണിക്കൂര്‍; വിജയമുദ്ര കാട്ടി മടങ്ങി
Posted on: 23 Jan 2013


തിരുവനന്തപുരം: അതീവ സുരക്ഷാ സന്നാഹങ്ങളുള്ള വീട്ടില്‍ കവര്‍ച്ച. പിന്നീട്‌നിരീക്ഷണ ക്യാമറ തകര്‍ത്ത് വിജയമുദ്രയും കാട്ടി പുറത്തിറങ്ങി. മരപ്പാലത്തെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ ബണ്ടി ചോര്‍ ചെലവിട്ടത് മൂന്നുമണിക്കൂര്‍. അലാറം ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളെ അതിവിദഗ്ധമായി തരണം ചെയ്താണ് 'ബണ്ടി ചോര്‍' (ദേവീന്ദര്‍ സിങ്) കവര്‍ച്ച നടത്തിയത്.
ഞായറാഴ്ച രാത്രി 12 നാണ് ഇയാള്‍ മരപ്പാലത്തെ വീട്ടിലെത്തിയത്. വീട്ടിലെ വിവിധ ഭാഗങ്ങളിലുള്ള നിരീക്ഷണക്യാമറകള്‍ ബണ്ടി ചോറിന്റെ ഓപ്പറേഷന്‍ ഒപ്പിയെടുത്തു. ക്യാമറകളില്‍ ബണ്ടി ചോറിന്റെ ദൃശ്യം മാത്രമാണുള്ളത്. നാലു ക്യാമറകളുള്ളതില്‍ ഒരെണ്ണം ഇയാള്‍ തകര്‍ത്തു. ഇതിന് മുന്നോടിയായി ക്യാമറ നോക്കി വിജയമുദ്ര കാട്ടുകയും ബെസ്റ്റ് ഓഫ് ലക്ക് എന്ന് പറയുകയും ചെയ്തു. ഗേറ്റിലെ ചെറിയ കവാടത്തിലുള്ള ക്യാമറയാണ് തകര്‍ക്കപ്പെട്ടത്. എന്നാല്‍ ക്യാമറ കണ്ടപ്പോള്‍ ആദ്യം പരിഭ്രമിച്ച ആ ദൃശ്യങ്ങളും ക്യാമറയിലുണ്ട്.
ക്യാമറാ ദൃശ്യങ്ങളില്‍ നിന്ന് ബണ്ടി ചോറിന്റെ ഓപ്പറേഷന്‍ ഇങ്ങനെ പുനഃസൃഷ്ടിക്കാം. നന്തന്‍കോട്ടുനിന്നും മോഷ്ടിച്ച കാറിലെത്തിയ ബണ്ടി ചോര്‍ വേണുഗോപാലന്‍നായരുടെ വീട്ടിന് സമീപം കാര്‍ പാര്‍ക്ക് ചെയ്തശേഷം മതില്‍ചാടി വീട്ടുവളപ്പില്‍ കടന്നു. പ്രധാന വാതിലിന് അഭിമുഖമായി ചുറ്റുമതിലിലുള്ള ചെറിയ ഗേറ്റ്ആദ്യം തുറന്നിട്ടു. ഇതിനുശേഷം വീടിന് ചുറ്റും നിരീക്ഷിച്ചു. ഈ സമയം വീട്ടുടമയുടെ മകള്‍ ഹാളില്‍ ലാപ് ടോപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. നാലുതവണ ഇയാള്‍ ഗേറ്റ് ചാടി പുറത്ത് കടക്കുകയും അകത്തേക്ക് വരുകയും ചെയ്തു. ഒരുമണിയോടെ പെണ്‍കുട്ടി ലാപ് ടോപ്പ് മുന്‍വശത്തെ മുറിയില്‍ വച്ചശേഷം അകത്തേക്ക് പോയി. ഇതിനുശേഷമാണ് ബണ്ടി ചോര്‍ മുന്‍വശത്തെ ഗ്ലാസ് ഡോര്‍ തകര്‍ത്ത് അകത്ത് കടക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസായതിനാല്‍ പരാജയപ്പെട്ടു. തുടര്‍ന്ന് വീടിന് ഇടതുവശത്തുള്ള ജനാലയുടെ തടി ഫ്രെയിം ഇളക്കി ഗ്ലാസ് മാറ്റി ഉള്ളില്‍ കടന്നു. ഇവിടെനിന്നും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കാറിന്റെ താക്കോല്‍ ഉള്‍പ്പെടെയുള്ള ട്രേയുമായി പുറത്തിറങ്ങി.
ആഡംബരക്കാറുകളോട് ഭ്രമമുള്ള ബണ്ടി ചോര്‍ പോര്‍ച്ചിലുണ്ടായിരുന്ന മിത്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ കാര്‍ സ്റ്റാര്‍ട്ടാക്കി. ഇതിനുശേഷം കാറില്‍ നിന്നും പുറത്തിറങ്ങി. റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കാന്‍ കഴിയുന്ന ഗേറ്റ് തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഗേറ്റ് തുറക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ചെറിയ വാതിലിലൂടെ പുറത്തിറങ്ങി ഗേറ്റിന്റെ നിയന്ത്രണ സംവിധാനം നിശ്ചലമാക്കി. പിന്നീട് ഗേറ്റ് തള്ളിത്തുറന്നു. കാര്‍ ഗേറ്റിലൂടെ പുറത്ത് കടത്താന്‍ ബണ്ടി ചോറിന് 15 മിനിട്ട് വേണ്ടിവന്നു. ഓട്ടോമെറ്റിക് ഗിയര്‍ സംവിധാനമുള്ള കാറിന്റെ നിയന്ത്രണ സംവിധാനങ്ങള്‍ മനസ്സിലാക്കാന്‍ ഇയാള്‍ ആദ്യം പണിപ്പെട്ടു. പത്തുതവണ മുന്നോട്ടും പിന്നോട്ടും എടുത്ത ഇയാള്‍ ഏറെ പണിപ്പെട്ടാണ് കാര്‍ ഗേറ്റിന് പുറത്തെത്തിച്ചത്.
റോഡില്‍ കാര്‍ നിര്‍ത്തിയ ശേഷം പുറത്തിറങ്ങി റിമോട്ട് കണ്‍ട്രോള്‍ വഴി ഗേറ്റ് അടച്ചു. പിന്നെ വീണ്ടും തുറന്നിട്ടു. ഗേറ്റിലെ റിമോട്ട് സംവിധാനത്തിന്റെ സാങ്കേതികത ബണ്ടി ചോര്‍ മനസ്സിലാക്കുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന് ശേഷം മുട്ടട ഭാഗത്തേക്ക് കാര്‍ ഓടിച്ചുപോയി. വീണ്ടും തിരിച്ചുവന്ന് വേണുഗോപാലന്‍ നായരുടെ വീടിന് മുന്നില്‍ കാര്‍ നിര്‍ത്തി. പത്തുമിനിട്ടോളം ഇവിടെ നിന്നു. പുലര്‍ച്ചെ മൂന്നിനായിരുന്നു ഈ സംഭവം. ഈസമയം ഒരുപാട് വാഹനങ്ങളും കാല്‍നട യാത്രികരും റോഡിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു. ഈ സമയം ബണ്ടി ചോര്‍ നിരവധി തവണ കാറില്‍ നിന്നും പുറത്തിറങ്ങിതിരിച്ചുകയറുകയും ചെയ്തു. തോളില്‍ ഒരു ബാഗുംഉണ്ടായിരുന്നു. പിന്നീട് കാറില്‍ കയറി മരപ്പാലം ഭാഗത്തേക്ക് ഓടിച്ചുപോയി